പ്രബോധനം

ജമാഅത്തെ ഇസ്ലാമി കേരള ഹല്‍ഖയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധന ത്തില്‍ വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്‍ക്കും പ്രബോധനം അതിന്റെ പേജുകള്‍ അനുവദിക്കാറുണ്ട്.

1949 ആഗസ്റിലാണ് പ്രബോധന ത്തിന്റെ ആദ്യ ലക്കം പുറ ത്തിറങ്ങിയത്. പ്രതിപക്ഷപത്രം (ദ്വൈവാരിക) ആയിരുന്നു അന്ന്. ജ.ഇ കേരള ഘടകത്തിന്റെ സ്ഥാപകന്‍ കൂടിയായ ഹാജി വി.പി. മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൌലവിയുമായിരുന്നു അണിയറ ശില്‍പികള്‍. എടയൂരില്‍ ഹാജി സാഹിബിനടുത്തുള്ള പുല്ലംപറമ്പില്‍ നമസ്കാരപള്ളി(ഇന്നത്തെ മസ്ജിദുല്‍ ഇലാഹ്)യില്‍ വെച്ചാണ് ഇരുവരും പത്രത്തിന്റെ മാറ്ററുകള്‍ തയാറാക്കിയിരുന്നത്. അച്ചടിച്ചത് തിരൂരിലെ ജമാലിയ്യ പ്രസ്സിലും.

പ്രബോധന ത്തിന്റെ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രഥമ ലക്കത്തില്‍ അവരെഴുതി: "നിലവിലിരിക്കുന്ന ഏതെങ്കിലുമൊരു കക്ഷിയെ എതിര്‍ക്കുകയെന്നത് ഞങ്ങളുടെ ഉദ്ദേശ്യമല്ല. മനുഷ്യരില്‍ ഞങ്ങള്‍ക്ക് ശത്രുക്കളായി ആരുംതന്നെ ഇല്ല. എല്ലാ സമുദായക്കാരെയും വര്‍ഗക്കാരെയും സഹോദരങ്ങളായിട്ടാണ് ഞങ്ങള്‍ വീക്ഷിക്കുന്നത്. സത്യം അതെവിടെയാണെങ്കിലും, ഏതു സമുദായത്തിന്റെയോ ഏതു വര്‍ഗത്തിന്റെയോ കൈവശമാണെങ്കിലും ഞങ്ങളുടെ മിത്രമാണ്. അസത്യം അത് ഞങ്ങളില്‍ തന്നെയാണെങ്കിലും ഞങ്ങളുടെ ശത്രുവാണ്. ചുരുക്കത്തില്‍ ഞങ്ങള്‍ക്ക് വ്യക്തികളോടോ ഗോത്രങ്ങളോടോ സമുദായങ്ങളോടോ ദേശക്കാരോടോ അല്ല, അവരില്‍ വല്ല അക്രമവും അനീതിയും കാണപ്പെടുന്നുവെങ്കില്‍ അതിനോടാണ് ശത്രുതയും അവജ്ഞയുമുള്ളത്. അത്തരം പൈശാചികവൃത്തികളില്‍നിന്ന് ജനങ്ങളെ വിമോചിപ്പിക്കാനും മനുഷ്യത്വവും ധാര്‍മികബോധവും അവരില്‍ വളര്‍ത്തി അവരെ പരസ്പരം മിത്രങ്ങളാക്കിത്തീര്‍ക്കാനും ഞങ്ങള്‍ കഴിയുന്നത്ര ശ്രമിക്കുന്നതാണ്.''

".........ഈ ചിന്തയും കര്‍ത്തവ്യബോധവുമാണ് ഭാഷാപരമായ പ്രാഥമികജ്ഞാനം പോലുമില്ലാത്ത ഞങ്ങളെ രംഗപ്രവേശത്തിന് നിര്‍ബന്ധിതരാക്കിയത്. ഇസ്ലാമിന്റെ വിവിധ വശങ്ങളെ വിശദീകരിച്ചും അനിസ്ലാമികപദ്ധതികളെ നിരൂപണം ചെയ്തും പ്രമുഖ പണ്ഡിതന്മാര്‍ എഴുതിയ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. സ്വന്തം ലേഖനങ്ങളെഴുതി പ്രസിദ്ധീകരിക്കുന്നതു ലക്ഷ്യമായി സ്വീകരിക്കുന്നതിനുപകരം ജനങ്ങളില്‍ ദൈവബോധവും മതഭക്തിയും സദാചാരനിഷ്ഠയുമുണ്ടാക്കി അവരെ സല്‍പന്ഥാവിലൂടെ ചരിക്കാന്‍ സഹായിക്കുന്ന, മഹാന്മാരെഴുതിയ അമൂല്യലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായിരിക്കും ഞങ്ങള്‍ മുന്‍ഗണന നല്‍കുക. പ്രബോധന ത്തെ ഭാഷാപരമായിട്ടല്ല, ആശയപരമായിട്ടാണ് മാന്യവായനക്കാര്‍ വീക്ഷിക്കേണ്ടത്.''

".........തെറ്റോ ശരിയോ എന്നൊന്നും നോക്കാതെ വായനക്കാരുടെ അഭീഷ്ടത്തിനും അഭിരുചിക്കുമൊത്ത സാമഗ്രികള്‍ ശേഖരിച്ചുകൊടുക്കുകയെന്ന പിഴച്ച പത്രപ്രവര്‍ത്തനസമ്പ്രദായത്തിനുപകരം ജനങ്ങളുടെ വീക്ഷണഗതിയെയും അഭിരുചിയെയും സത്യത്തിനൊത്തു മാറ്റാന്‍ ശ്രമിക്കുകയെന്നതാണ് ഞങ്ങളുടെ നയം.......''

മേല്‍ വിവരിച്ച നയം ഏറെക്കുറെ അതേ പടി ഇന്നും പ്രബോധനം തുടര്‍ന്നുവരുന്നു. 1959 അവസാനത്തോടെയാണ് പ്രബോധന ത്തിന്റെ ഓഫീസും പ്രസ്സും ജ.ഇ കേരള ഘടകത്തിന്റെ ഓഫീസും കോഴിക്കോട്ടെ വെള്ളിമാടുകുന്നിലേക്ക് മാറ്റിയത്. അതോടൊപ്പം ടി. മുഹമ്മദ് പത്രാധിപരും ടി.കെ. അബ്ദുല്ല സഹ പത്രാധിപരും കെ.എം. അബ്ദുല്‍ അഹദ് പ്രി ന്ററും പബ്ളിഷറുമായി ചാര്‍ജെടുത്തു.

1964 പ്രബോധനം പ്രതിപക്ഷ പത്രം വാരികയും മാസികയുമായി വികസിച്ചു. ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററായ ഒ. അബ്ദുര്‍റഹ്മാന്‍ ഈ മാറ്റത്തില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1987 മുതല്‍ മാസിക നിര്‍ത്തി വാരിക മാത്രമാണ് പ്രസിദ്ധീകരിച്ചുവരുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സര്‍വീസ് ട്രസ്റി(ഐ.എസ്.ടി)നാണ് പ്രബോധന ത്തിന്റെ ഉടമാവകാശം.

For more Visit: www.prabodhanam.net

Back to Top