ആക്രമണം മനുഷ്യന്റെ വിശ്വാസ ദൗർഭല്യത്തെയാണ് സൂചിപ്പിക്കുന്നത് - ടി.പി. മുഹമ്മദ് ശമീം

കുവൈത്ത്: ദൈവത്തിന്റെ പേരിൽ പോരടിക്കാൻ നടക്കുന്നവർ യഥാർത്ഥത്തിൽ വിശ്വാസികളല്ലെന്നും അങ്ങനെ നടിക്കുന്നവരാണെന്നും പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ടി.പി. മുഹമ്മദ് ശമീം. 'സൗഹൃദം പൂക്കുന്ന സമൂഹം' എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെഐജി കുവൈത്ത്) നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഫർവാനിയ ഏരിയ സംഘടിപ്പിച്ച സൗഹൃദ സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആക്രമണം മനുഷ്യന്റെ ബോധ്യത്തെയല്ല വിശ്വാസ ദൗർഭല്യത്തെയാണ് സൂചിപ്പിക്കുന്നത്. വിശ്വാസമുള്ളവന് അതുകാണിക്കാൻ വേണ്ടി വാളെടുക്കേണ്ട ആവശ്യമില്ല മറിച്ച് സൗഹൃദാന്തരീക്ഷത്തിലുള്ള സംവാദത്തിലൂടെയാണ് അത് നടക്കേണ്ടത്. ഇന്ത്യയുടെ വൈവിധ്യങ്ങളെ അതേപോലെ നിലനിർത്തിക്കൊണ്ട് പരസ്പരം മനസ്സിലാക്കുവാനും ആദരിക്കുവാനും കഴിയുമ്പോഴാണ് സൗഹൃദ സമൂഹം രൂപപ്പെടുന്നതെന്നും ഈ കാര്യത്തിൽ പ്രവാസി സമൂഹത്തിന് വലിയൊരു പങ്ക് വഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഐജി ഫർവാനിയ ഏരിയ പ്രസിഡണ്ട് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. കെഐജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വെസ്റ്റ് മേഖല പ്രസിഡണ്ട് പി.ടി. മുഹമ്മദ് ശരീഫ് എന്നിവർ സംബന്ധിച്ചു. മുഖ്സിത് ഹമീദ്, യുംന നൗഫൽ, വിപിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫർവാനിയ സൗഹൃദവേദി പ്രസിഡണ്ട് സുന്ദരൻ നായർ സ്വാഗതവും പ്രോഗ്രാം കൺവീനർ അഷ്‌റഫ്. യു നന്ദിയും പറഞ്ഞു.

Back to Top