'തട്ടുകടയില്‍ നിന്നും സ്‌കൂള്‍'': സേവനത്തിന്റെ പുതിയ മാതൃകയായി കനിവ് - കെഫാക് കൂട്ടായ്മ

കുവൈത്ത് സിറ്റി : പ്രവാസ ലോകത്ത് സേവന പ്രവര്‍ത്തനങ്ങള്‍ പുതുമയുള്ളതല്ല. മാതൃരാജ്യത്തിന്റെ സ്പന്ദനങ്ങള്‍ സസൂക്ഷമം വിലയിരുത്തുന്ന പ്രവാസികള്‍ പിറന്ന നാടിന്റെ വികസന പദ്ധതികളില്‍ എന്നും സജീവ പങ്കാളികളാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു സേവന പ്രവര്‍ത്തനം തികച്ചും വേറിട്ട് നില്‍ക്കുന്നതും മാതൃകാപരവുമായി .
കുവൈത്തിലെ പ്രമുഖ പ്രവാസി സംഘടനയായ കെ.ഐ.ജി യുടെ സാമൂഹിക സേവനവിഭാഗമായ കനിവ് , കുവൈത്തിലെ മലയാളി ഫുട്ബാള്‍ കളിക്കാരുടെയും കളിക്കമ്പക്കാരുടെയും കൂട്ടായ്മയായ കെഫാക്കിന്റെ സഹകരണത്തോടെ ഉത്തരേന്ത്യയില്‍ ഒരു സ്‌കൂള്‍ നിര്‍മ്മാണ പദ്ധതിയിലെക്കായി സ്വരൂപിച്ചു നല്‍കിയത് 12 ലക്ഷം രൂപയാണ്.
വെള്ളിയാഴ്ചകളിലെ വൈകുന്നേരങ്ങളില്‍ കെഫാക് മത്സരങ്ങള്‍ നടക്കുന്ന ഫുട്ബാള്‍ ഗ്രൗണ്ടില്‍ കനിവ് വളണ്ടിയര്‍മാര്‍ ചായയും ചെറുവിഭവങ്ങളുമടങ്ങിയ തട്ട് കട നടത്തി ലഭിച്ച ലാഭവിഹിതമാണ് പദ്ധതിക്കായി കൈമാറിയത്. പലതുള്ളി പെരുവെള്ളം എന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കും വിധം മാതൃരാജ്യത്തെ കൊച്ചനുജന്മാര്‍ക്കും അനുജത്തിമാര്‍ക്കും വിദ്യ പകര്‍ന്നുനല്‍കുന്ന സ്ഥാപനത്തിനായി ചെറുതെങ്കിലും തങ്ങളുടെയെല്ലാം വിഹിതമുണ്ടല്ലോ എന്ന ചാരിതര്ത്യത്ത്തില്‍ ഫുട്ബാള്‍ കളിക്കാരുടേയും കാണികളുടെയും മനസ്സ് നിറഞ്ഞു . ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹുമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ വിഷന്‍ 2026 മുഖേനയാണ് സ്‌കൂള്‍ പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ ദിവസം മിശ്രിഫ് ഫുട്ബാള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്‍ സെക്രെട്ടറി ടി.ആരിഫലിക്ക് കെഫാക് പ്രസിഡന്റ് ഗുലാം മുസ്തഫ 12 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ചടങ്ങില്‍ കെ.ഐ.ജി പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു. കെ.ഐ.ജി ജനറല്‍ സെക്രെട്ടരി ഫിറോസ് ഹമീദ് , ട്രഷറര്‍ എസ്.എ.പി ആസാദ് കനിവ് കണ്‍വീനര്‍ നൈസാം സി പി , കെഫാക് ജനറല്‍ സെക്രെട്ടരി മന്‍സൂര്‍ കുന്നത്തേരി , ട്രഷറര്‍ ഒ.കെ അബ്ദുറസാഖ്, വൈസ് പ്രസിഡണ്ട് ആഷിക് കാദിരി , കെഫാക് പ്രതിനിധികളായ ബേബി നൗഷാദ് , ഷബീര്‍ കളത്തിങ്കല്‍, ഷംസുദ്ദീന്‍ , കെ.സി റബീഷ് എന്നിവര്‍ സംബന്ധിച്ചു.
ഈ കൂട്ടായ്മയില്‍ കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ വിഹിതമായ് 9 ലക്ഷം രൂപ പ്രയോജനപ്പെടുത്തി ഡല്‍ഹി ശിഫ ആശുപത്രിക്ക് ഡയാലിസിസ് മെഷീന്‍ നല്‍കിയിരുന്നു.

Back to Top