വാര്‍ഷിക ജനറല്‍ ബോഡി: ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹ സേവനവുമായി കെ.ഐ.ജി കുവൈത്ത്

സാല്‍മിയ : നാല് പതിറ്റാണ്ടായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക് ഗ്രൂപ്പ് (കെ.ഐ.ജി ) ക്ക് ഈ പ്രവര്‍ത്തന വര്‍ഷത്തിലും സ്തുത്യര്‍ഹമായ സേവന പ്രവര്ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സംഘടയുടെ ദ്വിവര്‍ഷ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനായി സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ ബോഡിയിലാണ് വിശദമായ അവലോകനങ്ങള്‍ നടന്നത്.
സാല്‍മിയ നജാത്ത് സ്‌കൂളില്‍ സംഘടിപ്പിച്ച സംഗമം ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രെട്ടറി എം.കെ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി ക്ക് കീഴിലെ വിവിധ ഘടകങ്ങളുടെ വിശ്വല്‍ റിപ്പോര്‍ട്ടുകള്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു . കെ.ഐ .ജി യുടെ സോഷ്യല്‍ റിലീഫ് വിഭാഗമായ കനിവിനു കീഴിയില്‍ നടത്തിയ വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നിരാലംബരായ ആയിരത്തോളം പ്രവാസികള്‍ക്ക് ആശ്വാസമേകിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ചികിത്സ , നിയമ സഹായം , ടിക്കറ്റ് , വിവാഹധന സഹായം , ഭക്ഷണകിറ്റുകള്‍ തുടങ്ങി വിഭാഗങ്ങളിലായി നിരവധി പ്രവാസികള്‍ക്കു കനിവിലൂടെ പ്രയോജനം ലഭിച്ചു. കൂടാതെ ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഷിഫ ഹോസ്പിറ്റലിന് ഒരു കിഡ്‌നി ഡയാലിസിസ് യൂനിറ്റിനുള്ള തുകയും നല്‍കി. പരസ്പര സഹായത്തോടൊപ്പം അംഗങ്ങളില്‍ സമ്പാദ്യശീലവും ലക്ഷ്യം വെച്ചുള്ള മൈസറ പലിശ രഹിത സഹായ നിധിയിലൂടെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി .
പ്രവാസിയായിരിക്കെ മരണമടഞ്ഞ 33 പേരുടെ കുടുംബങ്ങള്‍ക്ക് ഒരുമ സാമൂഹ്യ ക്ഷേമ പദ്ധതിയിലൂടെ ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ സഹായധനം കൈമാറിയിട്ടുണ്ട് . കാന്‍സര്‍ , ഡയാലിസിസ് , ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ രോഗബാധിതരായ 12 പേര്‍ക്ക് ചികിത്സാ ധനസഹായവും നല്‍കി.
കെ.ഐ.ജി കേന്ദ്ര റിപ്പോര്‍ട്ട് സെക്രെട്ടരിമാരായ അനീസ് ഫാറൂഖി , നജീബ് എം.കെ എന്നിവര്‍ അവതരിപ്പിച്ചു . ഈസ്റ്റ് മേഖല റിപ്പോര്‍ട്ട് ജനറല്‍ സെക്രെട്ടറി സാജിദ് എ.സി യും , വെസ്റ്റ് മേഖല റിപ്പോര്‍ട്ട് ജനറല്‍ സെക്രെട്ടറി എന്‍.പി അബ്ദുറസാഖ് എന്നിവരും അവതരിപ്പിച്ചു. പോഷക ഘടകങ്ങളായ യൂത്ത് ഇന്ത്യ കുവൈത്തിന്റെ റിപ്പോര്‍ട്ട് ജനറല്‍ സെക്രെട്ടറി ഷാഫി കോയമ്മയും ഇസ്ലാമിക് വിമന്‍സ് അസോസിയേഷന്റെ (ഐവ) റിപ്പോര്‍ട്ട് ജനറല്‍ സെക്രെട്ടറി നജ്മ ശരീഫും അവതരിപ്പിച്ചു.
കെ,ഐ.ജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വൈസ് പ്രെസിഡന്റുമാരായ സുബൈര്‍ കെ.എ, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ , ട്രെഷറര്‍ ആസാദ് എസ്.എ.പി , മേഖലാ പ്രെസിഡന്റുമാരായ കെ.മൊയ്തു , ഫിറോസ് ഹമീദ് , യൂത്ത് ഇന്ത്യ പ്രസിഡന്റ് നജീബ് സി.കെ എന്നിവര്‍ സംബന്ധിച്ചു . ജനറല്‍ സെക്രെട്ടറി ശരീഫ് പി.ടി സ്വാഗതവും ടി.കെ ഇബ്രാഹിം സമാപന പ്രസംഗവും നടത്തി . അബ്ദുല്‍ ബാസിത് പാലാറ ഖിറാആത്ത് നടത്തി .

Back to Top