അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായി പുസ്തക ചര്‍ച്ച

ഫഹാഹീല്‍: ഫഹാഹീല്‍ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുസ്തക ചര്‍ച്ച ലോകമെമ്പാടുമുള്ള അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യ സംഗമമായി. പ്രവാസി എഴുത്തുകാരനും സൗഹൃദവേദി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പ്രേമന്‍ ഇല്ലത്ത് രചിച്ച 'പുറത്താക്കപ്പെട്ടവരുടെ പുസ്തകം' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്തീന്‍ ജനതയുടെ ജീവിതം മുഖ്യ പ്രമേയമായ പുസ്തകം ലോകമെമ്പാടുമുള്ള അധിനിവേശത്തിനെതിരെ പൊരുതുന്നവരുടെ പുസ്തകമാണെന്നും അന്യായമായി തടവറകളില്‍ കഴിയുന്നവരുടെയും ഉപരോധം മൂലം വീര്‍പ്പുമുട്ടുന്ന നിസ്സഹായരായ ഒരു ജനതയുടെ ചെറുത്തുനില്‍പ്പിന്റെ ആവിഷ്‌ക്കാരം കൂടിയാണെന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച കെഐജി പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പറഞ്ഞു. ഒരിക്കല്‍ പോലും ഫലസ്തീന്‍ എന്ന രാജ്യം സന്ദര്‍ശിച്ചിട്ടില്ലാത്ത ഗ്രന്ഥകാരന് ആ രാജ്യത്തെ തീക്ഷ്ണമായ ജീവിത സാഹചര്യങ്ങളെ സര്‍ഗാത്മകമായി സന്നിവേശിപ്പിച്ച ഒരു പുസ്തകമാണിതെന്ന ്ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാം പൈനുമൂട് പറഞ്ഞു.ഒരു നോവലിനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര വിഷയത്തെ ആവിഷ്‌ക്കരിക്കുന്നത് അതിന്റെ ഒരു പോരായ്മയായി തോന്നാമെങ്കിലും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് വളരെ സ്വതന്ത്രമായി വിഷയത്തത്തെ സമീപിക്കാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ടെന്നു പുസ്തക പരിചയം നടത്തിയ കെഐജി ഈസ്റ്റ് മേഖല പ്രസിഡന്റ് കെ.മൊയ്തു പറഞ്ഞു . കൃഷണദാസ്, അനിയന്‍ കുഞ്ഞു, അന്‍വര്‍ ഷാജി, കീര്‍ത്തി സുമേഷ്, രാധ ഗോപിനാഥ്, റഫീഖ് ബാബു, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു. പ്രേമന്‍ ഇല്ലത്തിനെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. സൗഹൃദവേദിയുടെ കീഴില്‍ പുതുതായി ആരംഭിച്ച 'സൗഹൃദം' ഗ്രന്ഥശാലയുടെ ഉത്ഘാടനം സ്വന്തം കൃതിയായ 'കുവൈത്ത് ഇന്ത്യന്‍ കുടിയേറ്റചരിത്രം' എന്ന പുസ്തകം ലൈബ്രറിയിലേക്ക് സംഭാവന ചെയ്ത് സാം പൈനുമൂട് നിര്‍വഹിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ സൗഹൃദവേദി പ്രസിഡന്റ് എ .ഡി ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. സൗഹൃദവേദി കണ്‍വീനര്‍ എം .കെ ഗഫൂര്‍ തൃത്താല സ്വാഗതവും സെക്രട്ടറി ബാബുസജിത്ത് നന്ദിയും പറഞ്ഞു.

Back to Top