മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുക

കുവൈത്ത്: വിദ്യാലയങ്ങള്‍പോലെ വൃദ്ധസദനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കുവാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്ന് ഷമീന അബ്ദുല്‍ഖാദര്‍ പറഞ്ഞു. മാതൃദിനത്തിന്റെ ഭാഗമായി ഇസ്ലാമിക് വ്യുമന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച ബോധത്കരണ സായാഹ്നത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. മാതൃത്വത്തിന്റെ മഹത്വം ഉത്‌ഘോഷിക്കുന്ന ദര്‍ശനങ്ങളുടെ പാഠങ്ങള്‍ പകര്‍ത്താന്‍ തയ്യാറായാല്‍ വൃദ്ധരായ മാതാക്കള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്തക്ക് അറുതിവരും. മാനവിക സംസ്‌കൃതിയുടെ അടിസ്ഥാനമാണ് മാതാക്കള്‍. മക്കളുടെ സുരക്ഷയോര്‍ത്ത് വ്യാകുലപ്പെടുന്ന മാതൃഹൃദയങ്ങളെ ഭ്രാന്തിയായി ചിത്രീകരിക്കുന്ന ലോകത്ത് മാതാക്കളോടുളള കടപ്പാടുകളും ബാധ്യതകളും നിറവേറ്റുവാന്‍ പുതിയ തലമുറ രംഗത്ത് വരണം. ജനനി എന്നപേരില്‍ സില്‍വാന മുസ്തഫ ഡോകൃമെന്ററി അവതരിപ്പിച്ചു. ഡോക്ടര്‍ റമീസ അന്‍വര്‍ ആരോഗ്യ കഌസ് നടത്തി. ലിസി കുര്യാക്കോസ്, ശോഭ സുരേഷ്, ശ്യാമള നാരായണന്‍, മഞ്ചുമോഹന്‍, ഷൈനി ഫ്രാന്‍ങ്ക് എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് അദ്ധ്യക്ഷത വഹിച്ചു. സജ്‌ന സില്‍വാസ് ഖുര്‍ആന്‍ പാരായണം നടത്തി. ജനറല്‍ സെക്രട്ടറി നജ്മ ശരീഫ് സ്വാഗതവും പ്രോഗ്രാം കണവീനര്‍ വര്‍ദ അന്‍വര്‍ നന്ദിയുംപറഞ്ഞു.

Back to Top