ആട്ടിടയന്‍മാര്‍ക്ക് ആശ്വാസമേകി യൂത്ത് ഇന്ത്യ ഡെസേര്‍ട്ട് കിറ്റ് പദ്ധതി

അബ്ബാസിയ: യൂത്ത് ഇന്ത്യ കുവൈത്തിന്റെ നേതൃത്വത്തില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സുമായി സഹകരിച്ച് നടപ്പാക്കിയ ഡെസേര്‍ട്ട് കിറ്റ് പദ്ധതി പ്രവാസലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനത്തിലെ വേറിട്ട ചുവടുവെപ്പായി. മരുഭൂമിയില്‍ ആടുകളെയും ഒട്ടകങ്ങളേയും മേച്ച് കഴിയുന്ന തൊഴിലാളികള്‍ക്ക് ആശ്വാസമേകി കുവൈത്തിലെ ശൈത്യകാലത്തെ പ്രതിരോധിക്കാനായി കമ്പിളിയും, ജാക്കറ്റും കൂടാതെ അവശ്യസാധനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകളും വിതരണം ചെയ്താണ് പദ്ധതി നടപ്പിലാക്കിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് യൂത്ത് ഇന്ത്യ ഇത്തരത്തില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. അനന്തമായ മരുഭൂമിയില്‍ കിലോമീറ്ററുകളോളം ദുര്‍ഘടമായ പാതകള്‍ യാത്ര ചെയ്ത് ഏകാന്തരായി ആടുകളോടും ഒട്ടകങ്ങളോടുമൊപ്പം കഴിയുന്ന അര്‍ഹരായ നൂറു പേരെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. 20 വാഹനങ്ങളിലായി യൂത്ത് ഇന്ത്യയുടെ പ്രവര്‍ത്തകരും സഹകാരികളുമുള്‍പ്പെടെ എഴുപതോളം പേരാണ് സൌദിയുമായും ഇറാഖുമായും അതിര്‍ത്തി പങ്കിടുന്ന സാല്‍മി മരുഭൂമിയിലെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ആട്ടിടയന്‍മാര്‍ക്ക് സാന്ത്വനവുമായി എത്തിയത്. വര്‍ഷങ്ങളോളമായി പുറം ലോകവുമായി ബന്ധമില്ലാതെ ചുട്ടുപൊള്ളുന്ന ചൂടിലും മരംകോച്ചുന്ന തണുപ്പിലും മരുഭൂമിയിലെ ടിന്‍ ഷെഡില്‍ കഴിച്ചുകൂടാന്‍ വിധിക്കപ്പെട്ടവരാണ് ഇവരില്‍ ഭൂരിഭാഗവും. മോഹന വാഗ്ദാനങ്ങള്‍ നല്‍കി നാട്ടില്‍ റിക്രൂട്ട്‌മെണ്റ്റ് ഏജന്‍സിക്ക് വന്‍തുക നല്‍കി ചതിയിലകപ്പെവരുമുണ്ട് ഇക്കൂട്ടത്തില്‍. ഇന്ത്യയിലെ ആന്ധ്ര, തമിഴ്‌നാട്, ബംഗാള്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും എത്യോപ്യ, സുഡാന്‍, നേപ്പാള്‍, ബംഗ്‌ളാദേശ് എന്നീ രാജ്യക്കാരുമായ ആട്ടിടയന്‍മാര്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഡെസേര്‍്ട്ട് കിറ്റ് പദ്ധതിയുടെ ഉദ്ഘാടനം മലബാര്‍ ഗോള്‍ഡ് കുവൈത്ത് സോണല്‍ ഹെഡ് അഫ്‌സല്‍ ഖാന്‍ യൂത്ത് ഇന്ത്യ പ്രസിഡണ്ട് അര്‍ഷദിന് കിറ്റുകള്‍ കൈമാറി നിര്‍വ്വഹിച്ചു. കെ.ഐ.ജി പ്രസിഡണ്ട് സക്കീര്‍ ഹുസൈന്‍ തുവ്വൂര് ചടങ്ങില്‍ സംബന്ധിച്ചു. യൂത്ത് ഇന്ത്യ ജനസേവന വിഭാഗം കണ്‍വീനര്‍ അനീസ് അബ്ദുസ്സലാം, ജന.സെക്രട്ടറി ഷാഫി പി.ടി, ഡെസേര്‍ട്ട് കിറ്റ് പ്രൊജക്റ്റ് കണ്‍വീനര്‍ ലായിക് അഹമ്മദ് എന്നിവര്‍ പദ്ധതിക്ക് നേതൃത്വം നല്‍കി. യൂനുസ് സലീം , അന്‍വര്‍ ഷാജി എന്നിവര്‍ കിറ്റ് വിതരണത്തിന് മരുഭൂമിയിലേക്ക് പോയവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി കംട്രോള്‍ റൂമില്‍ സേവനം നിര്‍വ്വഹിച്ചു

Back to Top