കനിവ്‌

'ഭൂമിയിലുള്ളവരോട് കരുണ കാണിക്കൂ; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും' എന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നമുക്കിടയില്‍ പ്രയാസമനുഭവിക്കുന്നവരിലേക്ക് ഒരു കൈത്താങ്ങാവാം നമുക്ക്. ഓരോ കണ്ണുനീര്‍ തുള്ളിയും ഒപ്പിയെടുത്ത് അവരോരോരുത്തരുടെയും പ്രകാശിക്കുന്ന മുഖങ്ങളിലേക്ക് നടന്നടുക്കാം നമുക്ക്. കഴിഞ്ഞ നാലര പതിറ്റാണ്ടായി കുവൈത്ത് പ്രവാസ ലോകത്ത് സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ കെ.ഐ.ജി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവ കാരുണ്യ-ജന സേവന വേദിയാണ് 'കനിവ്'. പ്രാദേശിക തലങ്ങളിലും മറ്റും ചിതറിക്കിടന്നിരുന്ന കെ.ഐ.ജി.യുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് പതിറ്റാണ്ട് മുമ്പാണ് വ്യവസ്ഥാപിതമായ രൂപം ഉണ്ടാകുന്നത്.

പ്രതിദിനം വര്‍ധിച്ചു വരുന്ന സഹായ അഭ്യര്‍ഥനകളും കുവൈത്തിലെ മലയാളി സമൂഹം ജീവകാരുണ്യ പ്രവര്‍ത്ത നങ്ങളോട് കാണിച്ചു കൊണ്ടിരിക്കുന്ന സഹകരണവും കൂടുതല്‍ ജനകീയമായ പ്രവര്‍ത്തനങ്ങളിലൂടെ കര്‍മരംഗത്ത് സജീവമാവാന്‍ 'കനിവി'ന് പ്രേരണയാവുകയാണ്.

പ്രയാസപ്പെടുന്നവരുടെ ഭാരങ്ങള്‍ ഇറക്കി വെക്കാന്‍, വേദനിക്കുവര്‍ക്ക് സാന്ത്വനത്തിന്റെ തണലേകാന്‍, ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ പെട്ടുഴലുന്നവര്‍ക്ക ആശ്വാസത്തിന്റെ തെളിനീരേകാന്‍, സാമ്പത്തിക ഞെരുക്കം മൂലം വിദ്യാലയത്തിന്റെ പടികയറാന്‍ പ്രയാസപ്പെടുന്ന കുരുന്നുകളെ സ്‌കൂള്‍ കിറ്റ് പദ്ധതികളിലൂടെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍, വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ വഴി കാണാതലയുന്നവരെ തങ്ങളുടെ കുടുംബത്തിലേക്ക് ടിക്കറ്റ് എടുത്തു പറഞ്ഞയക്കാന്‍, വിസയുടെ ചതിക്കുഴിയില്‍ വഴുതി വീണവരിലേക്ക് സഹായത്തിന്റെ ഒരു പിടിവള്ളിയായി മാറാന്‍...ഇങ്ങനെ ഒട്ടനവധി മേഖലകളില്‍ സാന്ത്വനത്തിന്റെ തണലായി മാറാന്‍ 'കനിവി'ന് സാധിച്ചിട്ടുണ്ട്.

കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പ്രവാസി സമൂഹം കാണിക്കുന്ന സ്‌നേഹവും പ്രോല്‍സാഹനവുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ 'കനിവി'നെ പ്രാപ്തമാക്കിയത്. നിങ്ങള്‍ ഓരോരുത്തരും കാണിച്ചു കൊണ്ടിരിക്കുന്ന സഹകരണവും പിന്തുണയുമാണ് 'കനിവി'ന്റെ ഊര്‍ജചവും കരുത്തും. 'കനിവ്' നിങ്ങളെ സമീപിക്കുകയാണ്. വ്യവസ്ഥാപിതമായ സംവിധാനങ്ങളിലൂടെ കുവൈത്തിലെയും നാട്ടിലെയും ഒട്ടനവധി കാരുണ്യ പ്രവര്‍ത്തിനങ്ങളില്‍ പങ്കാളിയാകാന്‍.. തുടര്‍ന്നും നിങ്ങളുടെ അകമഴിഞ്ഞ സഹകരണം 'കനിവി'നോടുണ്ടാകും എന്ന് കരുതുന്നു.

 

Back to Top